Saturday, April 14, 2012

നിരാശപ്പെടുത്താതെ 'മാസ്‌റ്റേഴ്‌സ്'


പഴയവീഞ്ഞ് പുതിയ ബ്രാന്‍ഡ് നെയിമില്‍ താരങ്ങളെ മാറ്റി പുതിയ പുറംചട്ടയോടെ (കോസ്റ്റിയൂമില്‍) വിപണിയില്‍ എത്തിക്കുന്ന പതിവ് തന്ത്രം കണ്ട് മടുത്ത കാണിക്ക് ജോണി ആന്റണി ഒരുക്കിയ മാസ്റ്റേഴ്‌സ് എന്ന സിനിമ ഒരു ആശ്വാസമാണ്. 50 ശതമാനം വരെ മാര്‍ക്ക് നല്‍കാവുന്ന സിനിമ. മികച്ചൊരു കഥാതന്തു. അതും ഹിച്ച്‌കോക്ക് ചിത്രങ്ങളൊന്നും അധികം പരിചിതമല്ലാത്ത മലയാളി പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്ന കുറ്റാന്വേഷണവഴികളും അമ്പരിപ്പിക്കുന്ന സസ്‌പെന്‍സും എല്ലാം അടങ്ങുന്ന ഒരു മുഴുനീള ത്രില്ലര്‍.

ഐ.പി.എസ്സുകാരനായ ശ്രീരാമകൃഷ്ണനും(പൃഥ്വിരാജ്) പത്രപ്രവര്‍ത്തകനായ മിലന്‍ പോളും(ശശികുമാര്‍) ആണ് ഇതിലെ കഥാനായകര്‍. ആത്മാര്‍ഥ സുഹൃത്തുക്കള്‍. ശ്രീരാമകൃഷ്ണന്റെ ഐ.പി.എസ് ജോലിയില്‍ മിലനിലെ പത്രപ്രവര്‍ത്തകന്റെ സഹായം പലപ്പോഴും കേസ് അന്വേഷണത്തിനും ഉപകരിക്കാറുണ്ട്. ഹൈറേഞ്ചില്‍ നടന്ന ഒരു കൊലപാതകം. അതിന്റെ അന്വേഷണം എ.എസ്.പി ശ്രീരാമകൃഷ്ണന്‍ ഏല്‍ക്കുന്നതോടെയാണ് തുടക്കത്തിലെ അസ്വസ്ഥതകളില്‍ നിന്നും മാറി സിനിമ അതിന്റെ ട്രാക്കിലേക്കെത്തുന്നത്.

കേസ് പൃഥ്വിയെ ഏല്‍പ്പിക്കാന്‍ എസ്.പിയായ മുകേഷിന്റെ കഥാപാത്രം വാചകകസര്‍ത്തിലൂടെ ഏറെ ബുദ്ധിമുട്ടുകയാണ്. സുരേഷ് ഗോപിയെ കേസിന്റെ ചുമതല നല്‍കാന്‍ പഴകാലസിനിമകളില്‍ സിദ്ദിഖും, ജനാര്‍ദനനും, വിജയരാഘവനും ഒക്കെ നേരിടുന്ന അതേ ബുദ്ധിമുട്ടുകള്‍ തന്നെ. ഡല്‍ഹി ബന്ധങ്ങളും ശുപാര്‍ശകളും എല്ലാം തഥൈവ.

ഏതായാലും ശ്രീരാമകൃഷ്ണന്‍ ചുമതല ഏല്‍ക്കുന്നതോടെ അന്വേഷണത്തിന്റെ ദിശമാറുന്നു. കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ വസ്തുതകളുടെ ചുരുളഴിയുകയാണ്. യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു പെണ്‍കുട്ടി സ്ത്രീലമ്പടനായ ഒരാളോടൊപ്പം മരണപ്പെടുന്നു. അയാളുടെ പീഢനത്തിനിരയാകുന്ന പെണ്‍കുട്ടി മറ്റൊരു കൊലപാതകത്തില്‍ ഉള്‍പ്പെടുന്നു. അന്വേഷിക്കും തോറും കുരുക്കുകള്‍ മുറുകുകയാണ്. പരസ്പരം പരിചയമില്ലാത്തവര്‍ ഉള്‍പ്പെടുന്ന കൊലപാതക പരമ്പര തന്നെ അരങ്ങേറുന്നു.

ഇടവേളയുടെ ബ്രേക്ക് വരെ ഒന്നോ രണ്ടോ ഘട്ടങ്ങളിലൊഴികെ സിനിമ അതിന്റെ ട്രാക്കിലൂടെ പ്രേക്ഷകനില്‍ പിരിമുറക്കം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് മുന്നേറുന്നത്. കൊല്ലപ്പെട്ടവരുടെ ചരിത്രം പരിശോധിക്കുന്ന ശ്രീരാമകൃഷ്ണന്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് തിരിച്ചറിയുന്നത്. ഫോര്‍ ദി പീപ്പിള്‍ പോലെ പ്രേക്ഷകമനസ്സ് മരണം ആഗ്രഹിക്കുന്ന ചില കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ട്. കൊല്ലാന്‍ വൈരാഗ്യമുള്ളവരുണ്ടെന്നിരിക്കെ മുന്‍പരിചയം പോലുമില്ലാത്തവരാലാണ് പലരും കൊലചെയ്യുകയും ഒപ്പം മരണപ്പെടുന്നതും. ഇത് എങ്ങനെ എന്ന ചോദ്യവും അതിനുള്ള ഉത്തരവുമാണ് സിനിമയുടെ ഇതിവൃത്തം.

സിനിമയ്‌ക്കൊപ്പമുള്ള യാത്രയില്‍ കാഴ്ചക്കാരന്റെ മനസ്സിന്റെ താപനില കുറഞ്ഞുപോയാല്‍ സസ്‌പെന്‍സ് ത്രില്ലര്‍ എന്ന സിനിമയ്ക്ക് വഴിതെറ്റി എന്നാണ് അര്‍ഥം. വില്ലന്‍ ആര് എന്ന് പ്രേക്ഷകസമക്ഷം കാട്ടിത്തന്ന ശേഷം അയാളെ പിടികൂടാന്‍ ചേസിങ് നടത്തേണ്ടി വരണമെങ്കില്‍ അത് കാഴ്ചക്കാരനെ വഴിതെറ്റിക്കാനാകണം. അല്ലെങ്കില്‍ അത് പിഴവാകും. അങ്ങനെയൊരു ഒഴിവാക്കാവുന്ന അബദ്ധം ഈ ചിത്രത്തിലുണ്ട്. പ്രേക്ഷകനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ക്ലൈമാക്‌സിലെ അപ്രതീക്ഷിത സസ്‌പെന്‍സിലേക്ക് എത്തിക്കുക എന്നത് ഭാരിച്ച ദൗത്യം തന്നെയാണ്.

അതാണ് മാസ്റ്റേഴ്‌സ് ആവശ്യപ്പെടുന്നതും എത്തിച്ചേരുന്നതും. പക്ഷേ ആരാണ് കൊലയാളി എന്ന് തിരിച്ചറിയുന്നിടത്ത് സിനിമയുടെ കഥ അവസാനിക്കുകയാണ് വേണ്ടത്. പിന്നെയുള്ള സംഘട്ടനം അത് എത്ര നീണ്ടാലും പ്രേക്ഷകന്‍ റിലാക്‌സ്ഡാകും. പൃഥ്വിരാജ് വില്ലനെ കണ്ടെത്തിയതിന് ശേഷം അത് വില്ലനെ വിവരിച്ച് കേള്‍പ്പിക്കുന്നത് പതിവ് രീതിയാണ്. നേരെ മറിച്ച് അത് പ്രതിനായകന്‍ തിരിച്ച് ചെയ്തിരുന്നെങ്കില്‍ അതിലും പുതുമ കൊണ്ടുവരാമായിരുന്നു.

വില്ലന്‍ കൊല നടത്തി ഇരയെ കെട്ടിത്തൂക്കാന്‍ ശ്രമിക്കുമ്പോള്‍ വള്ളിയില്‍ കൃത്യമായി നിറയൊഴിക്കുന്നത് കാണുമ്പോള്‍ നായകന്റെ ഉന്നം അംഗീകരിച്ചേ മതിയാകൂ. അല്ലെങ്കിലും കൃത്യമായി തെങ്ങിന്റെ മാട്ടയിലിരിക്കുന്ന കുടത്തില്‍ നിറയൊഴിച്ച് ഓട്ടയിട്ട് കള്ള് കുടിക്കാന്‍ അറിയുന്ന ഒരാള്‍ക്ക് ഇത് വളരെ നിസ്സാരം തന്നെ. ഫൗളുകള്‍ ഏറെ നിരത്താനുണ്ടാകും ചിത്രത്തില്‍. സ്വിമ്മിങ് പൂളിലെ സംഘട്ടനരംഗത്തില്‍ കാഴ്ചക്കാരനായി ഒരാള്‍ നില്‍ക്കുന്നത്, കോടതി രംഗങ്ങള്‍, സ്വയം വെളിപ്പെടുത്താതെ സിദ്ദിഖിന്റെ വീട്ടിലെത്തിയുള്ള അന്വേഷണം, ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉപയോഗിക്കേണ്ട വാഹനം. അതില്‍ ഉണ്ടായിരിക്കേണ്ട ചിഹ്നങ്ങള്‍, പാറമടയിലെത്തുന്ന ശ്രീരാമകൃഷ്ണന്‍ വൃദ്ധനെ കായികമായി നേരിടുന്നത്, അങ്ങനെ ചിലത്.

പൃഥ്വിരാജ് ശ്രീരാമകൃഷ്ണനെ ഒരുപരിധി വരെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സ്വയം ഓടിയാലും, വില്ലനെ ഓടിച്ചാലും, ചേസിങ്ങായാലും പൃഥ്വി ഹൈജംപ് താരം ഓടുന്ന ഒരേ രീതിയാണ് അവലംബിക്കുന്നത് എന്നത് ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു ശശികുമാറിന്റെ കഥാപാത്രത്തില്‍ ഡബ്ബിങ്ങില്‍ പിഴവുകള്‍ ഏറെ. ശശികുമാറിന്റെ കഥാപാത്രത്തിന്റെ ശബ്ദവും ചേഷ്ടകളും തമ്മില്‍ പലപ്പോഴും ഒരു ബന്ധവുമില്ലാതെ പോകുന്നു. ഈ കഥാപാത്രം ഒരു കാര്യവുമില്ലാതെ കൈ ചലിപ്പിക്കുന്നത് അണിയറപ്രവര്‍ത്തകര്‍ തീരെ ശ്രദ്ധിച്ചിട്ടില്ല.


SOURCE: http://www.mathrubhumi.com/movies/review/263786/


No comments:

Post a Comment